12:50am 10 July 2026
NEWS
ഇന്ത്യയിൽ 2,800 കോടി രൂപയുടെ നിക്ഷേപം; വമ്പൻ പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ സൂപ്പർ
09/07/2026  11:20 AM IST
nila
ഇന്ത്യയിൽ 2,800 കോടി രൂപയുടെ നിക്ഷേപം; വമ്പൻ പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ സൂപ്പർ

മെൽബൺ: ഇന്ത്യയ്ക്ക് വൻ നിക്ഷേപ പ്രഖ്യാപനവുമായി ഓസ്‌ട്രേലിയൻ സ്ഥാപനമായ ഓസ്‌ട്രേലിയൻസൂപ്പർ. ഇന്ത്യയിൽ 2,800 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ഓസ്ട്രേലിയൻ സൂപ്പർ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് കമ്പനി നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയിലെ ജീവനക്കാരുടെ പെൻഷൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ഓസ്‌ട്രേലിയൻസൂപ്പർ.

ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ മോദി പ്രമുഖ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് പോൾ സ്രോഡർ നിക്ഷേപ പ്രഖ്യാപനം നടത്തിയത്. ഇക്കാര്യം പ്രധാനമന്ത്രി എക്സിലൂടെ പങ്കുവെക്കുകയും കമ്പനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമാണ് ആഗോള കമ്പനികളെ ആകർഷിക്കുന്നതെന്ന് മോദി പറഞ്ഞു. ഓസ്‌ട്രേലിയയുമായുള്ള വ്യാപാര, സാമ്പത്തിക സഹകരണം കൂടുതൽ വിപുലീകരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മെൽബണിലെത്തിയത്. അവിടെ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി നിർണായക ചർച്ചകൾ ഇന്ന് നടക്കും. വ്യാപാരം, പ്രതിരോധം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് ചർച്ചകൾക്ക് പ്രധാന്യം.

വ്യവസായികളുടെ സംയുക്ത യോഗത്തിലും പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യ–ഓസ്‌ട്രേലിയ ബന്ധത്തിന് പുതിയ കരുത്ത് പകരുന്ന സന്ദർശനമായിരിക്കും ഇതെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img